കാലാകാലങ്ങളില്‍ ചിരഞ്ജീവികളായിരിക്കുന്ന രണ്ടു സഹോദരിമാര്‍, ഇരട്ടകള്‍, എങ്കിലും സ്വഭാവങ്ങളില്‍ അജഗജാന്തരമുള്ളവര്, അതീവ സുന്ദരിമാര്‍, പരസ്പര വിദ്വേഷവും, മത്സരവും വ്രതം പോലെ കൊണ്ട് നടക്കുന്നു. ഒരുവള്‍ക്ക് ലളിത ജീവിതം, മറ്റവള് ആഡംബരപ്രിയ, ഒരുവള്‍ ദരിദ്ര, മറ്റവള് സമ്പന്ന, ഒരുവള്‍ പതിവ്രത, മറ്റവള് തികഞ്ഞ വേശ്യ - അങ്ങനെ അങ്ങനെ പറഞ്ഞാല്‍ തീരാത്ത വൈരുദ്ധ്യങ്ങളുടെ കലവറയെങ്കിലും, ഇരുവരും സദാ രഹസ്യ സ്നേഹത്തോടെ എന്നും എവിടെയും തമ്മില്‍ പിരിയാനാവാതെ ഒരുമിച്ചു തന്നെ ജീവിക്കുന്നവര്‍ - നീതിയും അനീതിയും. വാസ്തവത്തില്‍ ഈ രണ്ടു പെണ്ണുങ്ങള് മാത്രമേ പെണ്ണെന്ന "സ്പീഷീസില്‍" ലോകത്തുള്ളൂ !! അത്കൊണ്ട് തന്നെ മനുഷ്യരാശി മുഴുവന്‍ എന്തൊക്കെ രൂപമെടുത്തലും എല്ലാവരും ആത്യന്തികമായി ആണുങ്ങള് തന്നെ !! - "മെയില്‍ ഷോവനിസ്റ്റ് പിഗ്ഗുകള്‍" !! എല്ലാവരും ഈ സുന്ദരിമാരെ പരസ്യമായും രഹസ്യമായും കാമിക്കുന്നവര്‍, ഉപാസിക്കുന്നവര്‍ !! ബോധം വയ്ക്കുന്ന നാള് മുതല്‍ ഏതൊരാളും ഇതില്‍ ഒരുവളുടെ സ്തുതിപാഠകനും ഭര്‍ത്താവും മറ്റവളുടെ രാത്രി കാമുകനും പാദസേവകനും ആയിത്തീരുന്നു. പരസ്യമായി നീതിയെ വേള്‍ക്കാന്‍ വെമ്പല്‍കൊള്ളുന്നവരുടെ ഹൃദയത്തിന്റെ ആഴങ്ങളില്‍ അനീതിയുമായുള്ള രഹസ്യസംഭോഗത്തിനുള്ള അദമ്യമായ ത്വര നുരയുന്നു. പകല്‍വെളിച്ചത്തില്‍ നീതിയുടെ അധരംമുകരുന്നവന്റെ മടിത്തട്ട് എപ്പോഴും ഇരുളില്‍ അനീതിയുടെ അരക്കെട്ടില്‍ അമര്‍ന്നിരിക്കുന്നു. നീതി ഇതൊട്ടു അറിയുന്നുമില്ല അനീതിയാവട്ടെ ഏവരെയും തന്റെ രഹസ്യ പ്രമദവനത്തിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കാരണം നീതിക്ക് ലഭിക്കുന്നതെല്ലാം അവള്‍ക്കും വേണം. ഗതികേടെന്നേ പറയേണ്ടൂ, മാലോകര്‍ക്ക് ഒന്ന് കല്യാണം കഴിക്കാനോ ഒന്ന് ഭോഗിക്കാനോ ലോകത്ത് വേറെ ഒരു പെണ്ണും ഇല്ല !! വേറെ പെണ്ണിനെ തെടിയിറങ്ങിയവരൊക്കെയും അന്തിമമായി എത്തിപ്പെട്ടത് ഇവരിലോരാളുടെ അടുക്കല്‍ തന്നെ !!
അപൂര്‍വ്വം ചിലര്‍, വിവരം കൂടിപ്പോയത് കൊണ്ടോ വിവരക്കേടു കൊണ്ടോ, അനീതിയുടെ മുഖത്ത് പോലും നോക്കാതെ നീതിക്ക് വേണ്ടി മാത്രം നിലകൊള്ളുന്നു, വിലപിക്കുന്നു. അനീതിപ്പരിഷയെ നാടുകടത്തണം എന്ന് മുദ്രാവാക്യം വിളിക്കുന്നു. എന്നാല്‍ ഇവരുണ്ടോ അറിയുന്നു ഇരട്ടകളുടെ പരസ്പരസ്നേഹം ??!! ഇതിനൊക്കെ ഊര്‍ജ്ജം കിട്ടാനായി ഇവര്‍ പലപ്പോഴും അറിയാതെ ഉണ്ണുന്ന 'വെജിറ്റെറിയന്‍ ഫുഡ്' എന്ന്, പറയുന്നത് ആരിയാസ് ഹോട്ടലുകാരെ പോലെ, കോഴിയെയും ആടിനെയുമൊക്കെ ബലി കഴിച്ചു അതിന്റെ രക്തം കൊണ്ട് ശുദ്ധി വരുത്തിയ അടുക്കളയില്‍ അനീതി പാചകം ചെയ്തു വിളമ്പുന്ന ചോറാണ് എന്നത് മറ്റൊരു വിരോധാഭാസം !!
അനീതിപ്പെണ്ണിന്റെ ചാവേര്‍പടകളായി ജീവിച്ചു മരിക്കാനും, നീതിക്കൂതറയെ ചവിട്ടിത്തേച്ചു ഇല്ലാതാക്കാനും ദൃഡപ്രതിജ്ഞയെടുത്ത വിദ്വാന്മാരും കുറവല്ല. കേബിള്‍ റ്റി. വി.യും ഇന്റര്‍നെറ്റും മറ്റും വന്നതില്‍ പിന്നെ ഇവരാണ് ഇന്ന് എണ്ണത്തില്‍ കൂടുതല്‍ എന്ന് തോന്നും വിധമാണ് കാര്യങ്ങളുടെ പോക്ക്. എന്നാല്‍ നീതിയുടെ ചത്തു പോയ മുന്‍ ഭര്ത്താക്കന്മാരുടെ പിന്നാമ്പുറകഥകള്‍ ഇന്ന് 'ഫെയ്സ്ബുക്കരും' ചാനലുകാരും മത്സരിച്ചു പുറത്ത് വിടുമ്പോള്‍........................ എന്താ പര്യാ ??!! കാര്യങ്ങള്‍ പണ്ടും ഈ പെണ്ണുങ്ങടെ പിടീല് തന്ന്യായിരുന്നു !!
അനീതിയുടെ 'കാമുക്സിനു' അനീതി തന്നെയാണ് നീതി. അവര്‍ അനീതിക്ക് പുതിയ മാനങ്ങള്‍ നല്കുന്നു ANEETHI യെ അവര്‍ ചമയങ്ങള്‍ അണിയിച്ച് A. NEETHI യാക്കിയിറക്കുന്നു. അവര്‍ക്ക് യഥാര്‍ത്ഥ നീതിയെ അപ്പിടി പുച്ഛമാണ്. അതിനു പഴയ കാരണങ്ങള്‍ക്കൊപ്പം ഇന്ന് കുറെ പുതിയ കാരണങ്ങളും അവര്‍ നിരത്തുന്നു
01. അവള് "സീ ത്രൂ" ചുരിദാര്‍, ലെഗ്ഗിങ്ങ്സ്, ടൈറ്റ് ജീന്‍സ് ഇതൊന്നും ധരിക്കുന്നില്ല. ലിപ്സ്റ്റിക്ക് റൂഷ് മുതലായവയും ഉപയോഗിക്കുന്നില്ല പുരികം വടിച്ചുവളയ്ക്കുന്നില്ല, മുടി സ്ട്രേയ്റ്റന്‍ ചെയ്യുകയോ ഷാമ്പൂ ഇടുകയോ ചെയ്യാതെ കുറെ എണ്ണയും തലയില്‍ വാരിപ്പൊത്തി കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീളമുള്ള സാരിയെന്ന തുണിയും മൂടിപ്പുതച്ചു ഒന്ന് വേഗം നടക്കാന്‍ പോലും ആവാതെ സൌന്ദര്യം പാഴാക്കി കളയുന്നു.
02. അവള് ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ എണ്ണയില്ല മുളകില്ല ഉപ്പില്ല. (അപ്പോള്‍ പിന്നെ 'അജിനോമോട്ടോ'യുടെ കാര്യം പറയേണ്ടതില്ലല്ലോ.)
03. പെട്ടെന്ന് ഒരു സദ്യ ഒരുക്കാന്‍ പറഞ്ഞാല്‍ അവള്‍ക്കു ആകെ പിടിപ്പുകേടാണ്. 'ഇവിടെ അതില്ല ഇതില്ല' എന്ന പായാരം പറച്ചില് മാത്രം കേള്‍ക്കാം. സാമ്പാറിനുള്ള കഷ്ണങ്ങള്‍ വാങ്ങാന്‍ പോലും അവളുടെ കയ്യില്‍ കാശില്ല.
04. അവളുടെ ഭര്ത്താക്കന്മാരും മക്കളുമെല്ലാം അഷ്ടിക്കു വകയില്ലാത്ത ദരിദ്രനാരായണന്മാര്.
05. അവളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ഭംഗിയില്ലാത്ത പേക്കോലങ്ങള്‍. എല്ലാം ഗ്രഹണിരോഗം ബാധിച്ച മന്ദന്മാര്. ലോകത്ത് നടക്കുന്ന മാറ്റങ്ങള്‍ അറിയാത്തവര്‍. സ്മാര്‍ട്ട് ഫോണ്സിന്റെ ഈ കാലത്ത് റേഡിയോയും വച്ച് സാ രീ ഗാ മാ കേള്‍ക്കുന്നവര്‍.
06. അവളെ മാത്രം ധ്യാനിച്ചിരിക്കുന്നവര്ക്ക് അവള് വിളംബുന്നതെന്താണ് ? - മോരുംവെള്ളവും ചോറും മാത്രം ! അതുമല്ലെങ്കില്‍ കഞ്ഞി ! അത് പോലും കിട്ടാതെ വെറുതെ ഏമ്പക്കം വിട്ടു കാണിച്ച് ഗീര്‍വ്വാണമടിക്കുന്ന കുറെ ഏമ്പോക്കികള്‍ ഉണ്ടു അവളുടെ കൂട്ടത്തില്‍.
അങ്ങനെ പോകുന്നു 'അനീതിമാന്മാരുടെ' വിമര്‍ശന ശരങ്ങള്‍ .
ഇതൊക്കെയാണെങ്കിലും രഹസ്യമായി അവര്‍ സമ്മതിക്കുന്ന ചില ഗുണങ്ങള്‍ ഉണ്ടു നീതിക്ക്. അതില്‍ ചിലത് ശ്രദ്ധിച്ചാട്ടെ.
01. അവളെ വിശ്വസിക്കാം, വ്യഭിച്ചരിക്കില്ല. എല്ലാ പരിപാടിയും കല്യാണം കഴിച്ചാല്‍ മാത്രം!
02. കോസ്മെറ്റിക്സ് ഒന്നുമില്ലെങ്കിലും മരണം വരെ സ്നേഹിക്കും.
03. പിള്ളേരെ കാണാന്‍ കൊള്ളില്ലെങ്കിലും ആ പട്ടിണിപ്പരിഷകള് തങ്ങളേക്കാള്‍ നന്നായി പാടും, വരക്കും, കവിതയെഴുതും, നൃത്തം ചെയ്യും. വാസ്തവത്തില്‍ അവറ്റകള് പാടിയ പാട്ടുകളും വരച്ച ചിത്രങ്ങളും ഒക്കെയാണ് തങ്ങള്‍ കൊട്ടിഘോഷിച്ചു കൊണ്ട് നടക്കുന്നതും വികൃതമാക്കി രസിക്കുന്നതും.
04. അധികം തിന്നാന്‍ തരില്ല എങ്കിലും തരുന്നതെല്ലാം വിഷമില്ലാത്ത സാധനങ്ങള്‍ തന്നെ. അത് കൊണ്ട് വയറു കേടാവില്ല. മാത്രമല്ല വറുത്തതും പൊരിച്ചതും ഒന്നുമില്ലാത്തത് കൊണ്ട് കൊളസ്ട്രോളും ഷുഗറും ഒന്നും വരില്ല. (ഇക്കാരണം കൊണ്ട് തന്നെ പലപ്പോഴും അവള് ഉണ്ടാക്കുന്ന ഭക്ഷണം അവര്‍ മോഷ്ടിക്കുന്നു.എന്നിട്ട് അനീതിയുടെ വീട്ടില്‍ ഭംഗിയുള്ള പാത്രങ്ങളില്‍ വിളമ്പുന്നു. മേമ്പൊടിക്ക് ഒരു പേരും - "ഡയറ്റ് ഫുഡ്").
അനീതിയുടെ എല്ലാ ആഡംബരത്തിന്റെയും ഉറവിടം നീതിയുടെ വിയര്‍പ്പാണ് എന്നാണ് എല്ലാ നീതിപക്ഷക്കാരും വിശ്വസിച്ചു പോന്നതും ഇന്നും വിശ്വസിക്കുന്നതും. ആ പേരും പറഞ്ഞു അനീതിയുടെ പാളയത്തില്‍ പോയി, കാശ് കൊടുത്തിട്ടാണെങ്കിലും, മൃഷ്ടാന്നം ഭുജിച്ചു തിരിച്ചു വന്നു വിജയഭേരി മുഴക്കുന്നവരുണ്ട്. ഇതില്‍ വൈചിത്ര്യം വല്ലതുമുണ്ടോ എന്നൊരു അനാവശ്യ ചോദ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും കല്ല് കടിപ്പിക്കുന്നില്ല.
സഹോദരിക്കുള്ളത് മാത്രമല്ല സഹോദരി തന്നെ തനിക്കു സ്വന്തമാണെന്ന് അനീതി എന്നും കരുതി. അവള് പല കാലങ്ങളില്‍ നീതിയെ സ്വന്തം വീട്ടിലേക്കു തട്ടിക്കൊണ്ടുവന്നു (AK 47 ധരിച്ച കരിമ്പൂച്ചകളുടെ അകമ്പടിയോടെ). ലെഗ്ഗിങ്ങ്സ് ധരിപ്പിച്ചു പുരികം വടിച്ചു വളച്ചു, മുടി സ്ട്രേയ്റ്റന്‍ ചെയ്യിച്ചു, ലിപ്സ്റ്റിക്ക് ഇടീച്ചു എന്നിട്ട് താന്‍ നടത്തുന്ന റിയാലിറ്റി ഷോവിന്റെ സ്റ്റേജില്‍ കയറ്റി പറയുന്ന പാട്ട് പാടിച്ചു, പറയുന്ന ആട്ടം ആടിച്ചു. മറ്റു ചിലപ്പോള്‍ 'ജഡ്ജസ് പാനലില്‍' കൊണ്ടിരുത്തി പറയുമ്പോലെ ജഡ്ജ്മെന്റുകള്‍ പുറപ്പെടുവിപ്പിച്ചു - വിശ്വസിക്കാന്‍ മാലോകര്‍ക്ക് വേറെ വല്ലതും വേണോ ??!! സാക്ഷാല്‍ നീതിയല്ലേ അരുളിച്ചെയ്തത് !! പുറത്ത് കാവലിനായി തുപ്പാക്കിയേന്തിയ തോപ്പിക്കാര്‍ ഉണ്ടായിരുന്നു. എല്ലാം നീതി ചെയ്തു കൊടുത്തു. അങ്ങനെ പോകുന്നു സഹോദരിമാരുടെ സ്നേഹം !!
ഇതില്‍ വിറളിപൂണ്ടു പലകാലങ്ങളില്‍ പല നീതിമാന്മാരും കമ്പും കുറുവടിയുമൊക്കെയായി 'പോടാ പോടാ' എന്ന് അലറിവിളിച്ചുകൊണ്ട് തുപ്പാക്കിയേന്തിയ അനീതിമാന്മാരെ നേരിടുകയുണ്ടായി. പൊരിഞ്ഞ തല്ലും വെടിയൊച്ചയും മറ്റുമൊക്കെ ഉണ്ടായി. കുറെയെണ്ണം ചത്തു വീണു പക്ഷെ അപ്പോഴേക്കും റിയാലിറ്റിഷോ കഴിഞ്ഞിരുന്നു. അനീതിയുടെ കീശ നിറഞ്ഞു കവിഞ്ഞിരുന്നു.
അന്ന് ക്ഷീണിച്ചു പോയ സഹോദരിയെ അനീതി തിരിച്ചു വീട്ടില്‍ കൊണ്ട് വന്നു കിടത്തി. ക്ഷീണമകറ്റാന്‍ അല്പം കഞ്ഞിവെള്ളം മേശപ്പുറത്തു വയ്ക്കാന്‍ അവള് മറന്നില്ല. ഇത് തങ്ങളുടെ വിജയമാണെന്ന് നീതിമാന്മാര് പെരുമ്പറ കൊട്ടി. അനീതിയും കാമുകരും എന്നത്തെയും പോലെ മുഖംകോട്ടി ഉള്ളില്‍ ചിരിച്ചു. കട്ടിലില്‍ കിടന്നു അന്ന് നീതിയും ചിരിച്ചുവോ ?
യഥാര്‍ത്ഥത്തില്‍ ഈ രണ്ടു പെണ്ണുങ്ങളുടെയും വലയില്‍ പെട്ട് കിടക്കുന്ന മാലോകരെ മൂന്നായി തിരിക്കാം.
01. നീതിയുടെ അമ്മത്തം (മദര്‍ലി അഫെക്ഷന്) മാത്രം കാംക്ഷിക്കുന്ന മമ്മാസ് ബേബീസ്. ഉള്ളില്‍ ആര്‍ദ്രത മാത്രം കൈമുതലോ, ബലഹീനതയോ ആയുള്ള തനി 'വെജിറ്റബിള്‍സ്'. ഇവരുടെ ശബ്ദത്തിനും പിടിക്കുന്ന പേനക്കുമെല്ലാം മലകളെ നീക്കാന്‍ കരുത്തുണ്ടെന്നു ഇവര്‍ തന്നെ പറഞ്ഞുനടക്കുന്നുണ്ട്. എന്നാല്‍ എല്ലാം ഭോഷ്കാണ് എന്നും ഇവര്‍ക്ക് ഈണത്തില്‍ കരയാനും, വളഞ്ഞ കുറെ വരകള്‍ വരയ്ക്കാനും മാത്രമേ അറിയൂ എന്ന് അനീതിമാന്മാര്‍ പരിഹസിക്കും.
02. റാണി ഈച്ചയുടെ വശ്യപ്രയോഗത്തില്‍ മയങ്ങി, അവളില്‍ മാത്രം അനുരക്തരായി, അവളുമായുള്ള സംഭോഗം മാത്രം സ്വപ്നം കണ്ടു, അവള്‍ക്കായി വലിയ കൂടുണ്ടാക്കി, പൂവുകളില്‍ നിന്നും തേന്‍ കവര്‍ന്നെടുത്തു അതില്‍ നിറയ്ക്കാന്‍ മാത്രം ജീവിച്ചു മരിക്കുന്ന കടന്നലുകളെ പോലെ മാരക വിഷക്കൊമ്പുമായി തലങ്ങും വിലങ്ങും പായുന്ന അനീതിയുടെ ഉപാസകര്‍. 'ടഫ് ഗയ്സ്', 'ക്യാപ്പിറ്റലിസ്റ്റ്സ്' എന്നൊക്കെ പണ്ടേ അറിയപ്പെടുന്നു. എന്നാല്‍ കമ്മ്യൂണുകളായി നടക്കുന്നത് കൊണ്ടായിരിക്കാം ഈയിടെ ഇവരെ 'കമ്മ്യൂണിസ്റ്റുകള്‍' എന്നും വിളിച്ചു കേള്‍ക്കാറുണ്ട്. എന്തായാലും തിരിച്ചറിയാന്‍ ലക്ഷണം ഒന്നേയുള്ളൂ - ഇവര്‍ ചിരിച്ചോ, കരഞ്ഞോ, കണ്ണുരുട്ടിയോ ഒക്കെ കാണിച്ചാലും ലോകര്‍ക്ക് ഉണ്ടാകുന്ന വികാരങ്ങള്‍ - ഭയം, ആശങ്ക - അത്ര തന്നെ.
03. സമയാസമയങ്ങളില്‍ മാതൃസ്നേഹത്താല്‍ ആര്‍ദ്രരും, കാമിനീസക്തിയാല് കഠോരഹൃദയരുമായി കണ്ഫ്യുഷന് അടിച്ചു നീതിക്കും അനീതിക്കുമിടയില് ഷട്ടിലടിച്ചു ചിലപ്പോള്‍ 'വെജിറ്റബിള്‍സ്' ആയും മറ്റു ചിലപ്പോള്‍ 'ടഫ് ഗയ്സ്' ആയും നിറം മാറി മാറി ജീവിച്ചു മരിക്കുന്ന മുഖമില്ലാത്തവര്‍ - 'ത്രിശങ്കൂസ്'!! 'ഓമനത്തിങ്കള്‍കിടാവോ' കേട്ട് ഇവര്‍ അലിയും. എന്നാല്‍ പാട്ട് തീരും മുറയ്ക്ക് അവര്‍ അസ്വസ്ഥരാവുകയും, പിന്നെ പല ചേരികളായി തിരിഞ്ഞു എല്ല്ലാവരും സ്വയം സൃഷ്ടിക്കുന്ന ഭ്രമാത്മക ലോകത്തില്‍ ഓരോ സാങ്കല്‍പ്പിക നേതാക്കളെ ഉണ്ടാക്കുകയും അവര്‍ക്ക് പല പല പേരുകള്‍ നല്‍കുകയും, അവരില്‍ സര്‍വ്വഗുണങ്ങളും ആരോപിക്കുകയും, ആരും കണ്ടിട്ടില്ലാത്ത ആ സാങ്കല്പിക കഥാപാത്രങ്ങളുടെ അപദാനങ്ങള്‍ തലകുത്തി നിന്നും, കൈകൊട്ടിയും, തുള്ളിച്ചാടിയുമൊക്കെ വാഴ്ത്തുകയും, അവരുടെ പ്രത്യക്ഷീകരണത്തിനായി വിചിത്രങ്ങളായ ക്രിയകള്‍ കൊണ്ടാടുകയും ചെയ്യും. ഈ ക്രിയകളില്‍ ഉടനീളം നീതിയുടെയും അനീതിയുടെയും ചിത്രങ്ങള്‍ മാറി മാറി ഉപയോഗിക്കുന്നതും ഒരു സാധാരണ കാഴ്ച തന്നെ. ഒടുവില്‍ ഒന്നും നടക്കാതെ വിശന്നു തുടങ്ങുമ്പോള്‍ പരസ്പരം കയര്‍ക്കുകയും, കൊങ്ങയ്ക്ക് പിടിക്കുകയും, കത്തിയും കുന്തവുമൊക്കെ എടുത്തു ആരെയൊക്കെയോ കുത്തുകയും, ആരുടെയൊക്കെയോ കഴുത്തറക്കുകയും, തുപ്പാക്കി കൈയില്‍ കിട്ടിയാല്‍ അതെടുത്ത് തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയും, അലറുകയും ചെയ്യും - ചത്തു വീഴുന്നത് സ്വന്തം തന്തയും തള്ളയുമായിരുന്നാല് പോലും !! അങ്ങനെ പോകുന്നു "ത്രിശങ്കൂസിന്റെ" ട്രാന്സ്ഫോര്മേഷന്.
ഇങ്ങനെയൊക്കെയാണെങ്കിലും ഇവരെ "വെജിറ്റബിള്‍സിനും" "ടഫ് ഗയ്സിനും" ഒരു പോലെ ഇഷ്ടമാണ്. വെജിറ്റബിള്‍സ് ഇവര്‍ക്ക് പാട്ട് പാടി കഞ്ഞി വിളമ്പി കൊടുക്കുമ്പോള്‍, ടഫ് ഗയ്സ് തങ്ങളുടെ പഴയ തുപ്പാക്കികളും, കുപ്പായങ്ങളും, കലവറയിലെ പഴയ പാക്കറ്റ് ഫുഡുമൊക്കെ കൊടുത്തു സന്തോഷിപ്പിക്കുന്നു.
സീസണല്‍ ആയ അടുത്ത റിയാലിറ്റി ഷോ ഇതാ തുടങ്ങിക്കഴിഞ്ഞു. പതിവ് പോലെ സഹോദരിയെ സ്വന്തം കൂടാരത്തിലേക്കു തട്ടിക്കൊണ്ടു പോയി അനീതി ആടിച്ചും പാടിച്ചും തുടങ്ങിയിരിക്കുന്നു. ഇക്കുറി കാവലിന്റെ സ്വഭാവം അത്യന്തം സോഫിസ്റ്റിക്കേറ്റഡ് ആണ്. എല്ലായിടത്തും സ്പൈ ക്യാമറകളും ഉണ്ടു. ചാരകണ്ണുകളുമായി ഡ്രോണുകള്‍ തലങ്ങും വിലങ്ങും പറക്കുന്നു. AK 47 ന്റെ കാലമൊക്കെ കഴിഞ്ഞത് അറിഞ്ഞു കാണുമല്ലോ. ഉപഗ്രഹക്കണ്ണ് കൊണ്ട് തിരഞ്ഞു പിടിച്ചു ആകാശാന്തരങ്ങളില്‍ നിന്നും ലേസര്‍ രശ്മികൊണ്ട് കൃത്യതയോടെ തകര്‍ക്കാമെന്നും മറ്റും പറഞ്ഞു കേള്‍ക്കുന്നു. നീതിമാന്മാരായ മമ്മാസ് ബേബീസിന്റെ ചോരയൊക്കെ തിളയ്ക്കുന്നുണ്ട്. അവര്‍ ഒച്ച വക്കുന്നു, കരിക്കട്ട കൊണ്ട് എന്തൊക്കെയോ വരയ്ക്കുന്നു, വലിയ അക്ഷരങ്ങളില്‍ എന്തൊക്കെയോ എഴുതി കാണിക്കുന്നു, കോക്രി കാണിക്കുന്നു, തുണിയുരിഞ്ഞു കാണിക്കുന്നു. പക്ഷെ ഒരു കാര്യവുമില്ല. അവരുടെ കയ്യില്‍ ഇന്നും കമ്പും കുറുവടിയും പഴയ ഹാര്‍മ്മോണിയ പെട്ടിയും മാത്രം. മറുതാവളത്തില് നിന്നും അശരീരി മുഴങ്ങിക്കൊണ്ടെയിരിക്കുന്നു - അനങ്ങിയാല്‍.............സുട്ടിടുവേന്‍ !! അനങ്ങാന്‍ ശ്രമിച്ച ഏതൊക്കെയോ ഓള്‍ഡ് വെജിറ്റബിള്‍സ് ചത്തു വീണു കഴിഞ്ഞു. എണ്ണവും കുറഞ്ഞു. ശേഷിച്ചവര്‍ തങ്ങളാല്‍ ആവും വിധം 'ഓമനത്തിങ്കള്‍ കിടാവോ' പല ശ്രുതിയില്‍, പല ഈണത്തില്‍ നീട്ടി പാടി, വൃദ്ധ താളത്തില്‍ നൃത്തം ചെയ്തു ത്രിശങ്കൂസിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ നോക്കുന്നുണ്ട്. കാരണം, അവരുടെ കയ്യില്‍ അനീതിയുടെ പാളയത്തില്‍ നിന്നും സ്ക്രാപ്പ് വിലക്ക് തൂക്കി വില്‍ക്കുന്ന പഴയ AK 47 ഒക്കെയുണ്ട് എന്ന് വെജിറ്റബിള്സിനറിയാം. അവരെ വച്ച് എന്തെങ്കിലും സാധിച്ചേക്കാം എന്ന ഒരു തോന്നല്‍ !!!
ബട്ട് അലാസ് !!! എന്ത് ചെയ്യാം ??!! നോണ്‍ സ്റൊപ്പ് ആയി പാടുക, നൃത്തം ചെയ്യുക - ഇതൊക്കെ കഞ്ഞികുടിയന്മാരെക്കൊണ്ട് പറ്റുന്ന കാര്യം വല്ലതുമാണോ ??!! പാട്ട് നിന്നപ്പോള്‍ ത്രിശങ്കൂസിനു വിശപ്പ് സഹിക്ക വയ്യാതാവുകയും അവര്‍ ഹാര്‍മ്മോണിയ പെട്ടിക്കിട്ടു ചവിട്ടുകയും ചെയ്തു തുടങ്ങി. അപ്പോള്‍ അതാ വരുന്നു ടഫ് ഗയ്സ് - കൈനിറയെ അവര്‍ക്കുള്ള ഫാസ്റ്റ്ഫുഡ് പാക്കറ്റുകളും പുതിയ തുപ്പാക്കികളുമായി !! ത്രിശങ്കൂസിന്റെ തലയില്‍ ലഡ്ഡു പൊട്ടി ! ആക്രാന്തം മൂത്ത് പാക്കറ്റുകള്‍ വാങ്ങി അവര്‍ കാലിയാക്കി. പിന്നെ പുതിയ തുപ്പാക്കികള്‍ എടുത്തു "ടപ ടാപാന്നു" വെടിയാണ്!! എവിടേക്ക് ആണെന്നോ, ആര്‍ക്കിട്ടാണ് എന്നോ ഒരു ലക്ഷ്യവും ബോധവും ഇല്ലാതെ !! കുറെയെണ്ണം ചത്തു. ചാകാത്തവര്‍ പ്രാണരക്ഷാര്‍ത്ഥം ചന്നം പിന്നം ഓടി ഏതൊക്കെയോ മാളങ്ങളില്‍ ചെന്ന് ഒളിച്ചു. ചത്തു വീണതില്‍ ചിലര്‍ വെജിറ്റബിള്‍സ്, ചിലര്‍ ടഫ് ഗയ്സ്, മറ്റുള്ളവര്‍ സ്വന്തം വര്‍ഗ്ഗക്കാരായ ത്രിശങ്കൂസ് തന്നെ !! പക്ഷെ അതൊന്നും അവര്‍ക്ക് ഒരു പ്രശ്നമല്ല - ചാകേണ്ടവര്‍ ചത്തു - അതാണവരുടെ നിലപാട്!! ഇനി അവര്‍ക്ക് റിയാലിറ്റിഷോയ്ക്ക് പോകണം, ആര്‍ത്തുല്ലസിക്കണം. ഒടുവില്‍ അവിടം ചെടിച്ചു തുടങ്ങുമ്പോള്‍ വീണ്ടും 'ഓമനത്തിങ്കള്‍കിടാവോ' കേള്‍ക്കാന്‍ കൊതിയുമായി തിരികെ പായും.
ഇപ്പോള്‍ കൂടുതല്‍ ശക്തര്‍ ആരാണെന്ന് ചോദിച്ചാല്‍ ചിലര്‍ പറയും ത്രിശങ്കൂസ് ആണെന്ന് - കാരണം അവരുടെ തലയില്‍ വീശുന്ന കാറ്റിന്റെ ഗതിയാണ്, അതിന്റെ ചാഞ്ചാട്ടമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതത്രെ ! മറ്റു ചിലരുടെ മതപ്രകാരം ടഫ് ഗയ്സിന്റെ പക്കലുള്ള കയ്യൂക്കും മണിപവറും ആണ് റിയല്‍ പവര്‍. അവര്‍ പറയുന്നിടത്തേക്ക് മാത്രമേ ത്രിശങ്കൂസിന്റെ തലയിലെ കാറ്റ് വീശൂ പോലും !! കഞ്ഞികുടിയന്മാരെ പണ്ടേ അവര്‍ക്ക് പുച്ഛം തന്നെ !! എന്നാല്‍ അപൂര്‍വ്വം ചിലര്‍ വെജിറ്റബിള്‍സ് ആയ മമ്മാസ് ബെബീസിനു വോട്ടു ചെയ്യാറുണ്ട് എന്നതാണ് ഒരു വസ്തുത. കാരണമായി അവര്‍ പറയുന്നത് ആര്‍ദ്രതയുടെ വലിയ വെളുത്ത കാന്‍വാസില്‍ മാത്രമേ ത്രിശങ്കൂസിനും ടഫ് ഗയ്സിനുമൊക്കെ കോണ്ട്രാസ്റ്റ് കിട്ടൂ എന്നാണു. അവര്‍ ഇല്ലെങ്കില്‍ എല്ലാം വെറും ഇരുട്ടാണ് പോലും !!
എന്നാല്‍ സത്യമെന്താണ് ???? തമ്മിലൊരുകാലത്തും വേര്‍പിരിയാന്‍ ആഗ്രഹിക്കാത്ത, ഇരട്ടകളായ, അതിസുന്ദരിമാര്‍ - നീതിയും അനീതിയും - ഈ രണ്ടു പെണ്‍കിടാങ്ങളുടെ ആകര്ഷണത്തെക്കാള് ശക്തമായി എന്താണുള്ളത്?? ഇവരെ പടച്ചയാള് മൂന്നാമതൊരു സുന്ദരിയെ സൃഷ്ടിക്കുവോളം കാലം ഒരു റിയാലിറ്റി ഷോയ്ക്കും അടുത്ത റിയാലിറ്റി ഷോയ്ക്കും ഇടയിലെ 'ലള്' കാലത്തിനായി കാത്തിരിക്കാനേ നമുക്ക് കഴിയൂ - ജനിച്ച്, ജനിപ്പിച്ച്, ജീവിച്ച്, ജീവിപ്പിച്ച്, കൊന്നു കൊല്ലിച്ച്, കൊല്ലപ്പെട്ടു, മരിച്ച്................................!!!!